പത്തനംതിട്ട: വോട്ടുബാങ്ക് കാട്ടി വർഗീയത പറയുന്നവരോടു യുഡിഎഫ് സന്ധി ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് പുതുയുഗ യാത്രയ്ക്ക് പത്തനംതിട്ടയിൽ നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വർഗീയതയെ കൂട്ടുപിടിച്ച് അധികാരത്തിൽ തുടരാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത്. സംഘപരിവാർ ശക്തികൾ സ്വീകരിക്കുന്ന അതേ നിലപാടാണ് കേരളത്തിൽ സിപിഎമ്മും സ്വീകരിച്ചുവരുന്നത്. യുഡിഎഫിന് ഇക്കാര്യത്തിൽ ഉറച്ച നിലപാടുണ്ട്. മതേതര കേരളം എന്ന യുഡിഎഫ് സ്വപ്നത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്. കേരളത്തിന്റെ നവയുഗപ്പിറവിയാണ് യുഡിഎഫ് ലക്ഷ്യം. എല്ലാ മേഖലയിലും വ്യക്തമായ വികസന ലക്ഷ്യങ്ങൾ ഉണ്ടാകണം. ഇതിനുള്ള പദ്ധതികളുമായാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കേരളത്തെ തുറമുഖ സംസ്ഥാനമായി മാറ്റാനാകും. ഇതിനൊപ്പം നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും കോർത്തിണക്കി 27 ഏവിയേഷൻ പ്രോജക്ടുകളും യുഡിഎഫ് തയാറാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
യുഡിഎഫ് ആറന്മുള നിയോജക മണ്ഡലം ചെയർമാൻ ടി.എം. ഹമീദ് അധ്യക്ഷത വഹിച്ചു.കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
എംപിമാരായ ആന്റോ ആന്റണി, ബെന്നി ബഹനാൻ, രാഷ്ട്രീയകാര്യസമിതിയംഗം പി.ജെ. കുര്യൻ, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറന്പിൽ, പി. മോഹൻരാജ്, പഴകുളം മധു, ജെഎസ് അടൂർ, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, എ.ഷംസുദീൻ, ജോസഫ് എം,. പുതുശേരി, പന്തളം സുധാകരൻ, മാലേത്ത് സരളാദേവി, കെ.ഇ.അബ്ദുൾറഹ് മാൻ, അബിൻ വർക്കി, ജോൺ കെ. മാത്യൂസ്, സിന്ധു അനിൽ, ജോൺസൺ വിളവിനാൽ തുടങ്ങിയവർ പ്രസംഗിച്ചു